“ഇന്ത്യയിലെ ജനങ്ങളായ നാം ” ഈ വാചകത്തോടെയാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നത്.ഇന്ത്യയെ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്കായി കെട്ടിപ്പടുക്കുകയും എല്ലാ പൗരന്മാർക്കും സമത്വവും നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കുകയും വേണമെന്ന് ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നു.
ആമുഖത്തിൽ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുവാനുള്ള കടമ ആർക്കാണ്? ഇന്ത്യയിലെ ജനങ്ങളായ നമുക്ക് തന്നെ. ഭരണഘടനയിലെ കെട്ടും,മട്ടും ഉള്ളടക്കവും നമ്മുടെ കടമകൾ വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയിലെ ഒന്നാം വിഭാഗത്തിൽ
ഇന്ത്യയിൽ ഏതെല്ലാം പ്രദേശങ്ങൾ ഉൾപ്പെടുമെന്ന് വിവരിക്കുന്നു. രണ്ടാംഭാഗം നമ്മുടെ പൗരത്വത്തിന്റെ അടിസ്ഥാനങ്ങൾ എന്തൊക്കെയാണെന്ന് പറയുന്നു. മൂന്നാം ഭാഗത്തിൽ
നമ്മുടെ മൗലികാവകാശങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത് . നാലാം ഭാഗത്തിൽ നിർദ്ദേശക തത്വങ്ങളും ഭാഗം നാല് എ യിൽ മൗലിക ചുമതലകളും എന്തൊക്കെയാണെന്ന് പറഞ്ഞിരിക്കുന്നു.അത് കഴിഞ്ഞാൽ നമ്മുടെ ഭരണ സംവിധാന ഘടനയാണ്. യൂണിയൻ സ്റ്റേറ്റുകൾ, പഞ്ചായത്ത് ,മുൻസിപ്പാലിറ്റികൾ എന്നിങ്ങനെ മൂന്നു തട്ടുകളുള്ളതാണ് ഇന്ത്യൻ ഭരണ സംവിധാനം.
നിർമാണസമിതി ഭരണഘടനാ പാസ് ആക്കിയത് 1 9 4 9 നവംബർ 26 നായിരുന്നു. ആ ചരിത്ര മുഹൂർത്തത്തിൽ ഭരണഘടനയുടെ പ്രധാന ശില്പി ആയിരുന്ന ഡോ . ബി.ആർ.അംബേദ്‌കർ ഇങ്ങനെ പറയുക യുണ്ടായി “ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു . ഇന്ന് മുതൽ അതിനു പ്രസക്തി ഇല്ലാതായിരിക്കുന്നു. ഇനി അങ്ങോട്ട് നമ്മുടെ കുറ്റത്തിനും കുറവുകൾക്കും നാം നമ്മെ തന്നെയാണ് ഉത്തരവാദികൾ.” ഇന്ത്യയിലെ ജനങ്ങളായ നമ്മെ ഉദ്ദേശിച്ചായിരുന്നു അംബേദ്‌കർ മേൽ പ്രകാരം പറഞ്ഞത് . ജനാധിപത്യ ഭരണ ക്രമത്തിന്റെ വിജയ പരാജയങ്ങൾ ജനങ്ങളുടെ ജാഗ്രതയെ ആശ്രയിച്ചാണ് നിർണയിക്കപ്പെടുക .ഇത് മർമ പ്രധാനമായ ജനാധിപത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് അംബേദ്കറുടെ വാക്കുകൾ .
ഇന്ത്യയിലെ വിദ്യാസമ്പന്നർ പോലും നാട്ടിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും നേർക്ക് കണ്ണടക്കുകയാണ് ചെയ്യുന്നത് .പ്രതികരിക്കാൻ മുന്നോട്ടു വരുന്നവർ വിരലിൽ എണ്ണാൻ മാത്രമേ ഉള്ളു. ഇതിനൊരു പ്രധാന കാരണം നിയമപരമായ നിരക്ഷരതയാണ്. വിദ്യാഭ്യാസത്തിലൂടെ ഈ നേട്ടം കൈവരിച്ചാലേ നാം രക്ഷപ്പെടുകയുള്ളു.
ചുരുക്കി പറഞ്ഞാൽ രാജ്യം പുരോഗമിക്കണമെങ്കിൽ നിയമവാഴ്ചയും നിയമബോധവും ഉണ്ടാകണം . ഇവ രണ്ടും ഇല്ലെങ്കിൽ നാം പ്രാകൃത ലോകത്തേക്ക് കൂപ്പുകുത്തി വീണുപോകും . സംസ്കാരത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം നിയമം എന്നർത്ഥം .
No comments:
Post a Comment